Wednesday 28 August 2013

കഥോത്സവം

പഞ്ചതന്ത്രം കഥകളുടെ മധുരം തേടി ......

                 സര്‍ഗാത്മക പഠനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട മാര്‍ഗങ്ങളില്‍ ഒന്നായ കഥകളുടെ വായനയും ആവിഷ്ക്കാരവും പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി സംഘടിപ്പിച്ച പരിപാടിയാണ് കഥോത്സവം .കഥാകഥനത്തിനും ആവിഷ്കാരത്ത്തിനും പ്രസ്തുത പരിപാടിയില്‍ അവസരമൊരുക്കി . ഒന്നാം തരം മുതല്‍ ഏഴാം തരംവരെയുള്ള കൂട്ടുകാര്‍ പ്രസ്തുത പരിപാടിയില്‍ പങ്കെടുത്തു . കഥോത്സവത്തിന്റെ ഭാഗമായി പഞ്ചതന്ത്രം കഥകള്‍ കൂട്ടുകാരെ പരിചയപ്പെടുത്തി . 
                   പഞ്ചതന്ത്രം കഥകളുടെ പിന്നിലുള്ള കഥ അവതരിപ്പിച്ചു . അമരശക്തി എന്ന രാജാവിന്‍റെ കുട്ടികള്‍ക്ക് വേണ്ടി വിഷ്ണുശര്‍മ്മന്‍ എന്ന അദ്ധ്യാപകന്‍ തയ്യാറാക്കിയ കഥകളാണ് പഞ്ചതന്ത്രം കഥകള്‍ . ഇതു സംസ്കൃത ഭാഷയിലാണ് രചിക്കപ്പെട്ടത്‌ . കുഞ്ചന്‍നമ്പ്യാര്‍ മലയാളികളായ നമുക്ക് വേണ്ടി ഈ കഥകള്‍ മൊഴിമാറ്റം നടത്തിയിട്ടുണ്ട് . പദ്യരൂപത്തില്‍ ആവിഷ്ക്കരിച്ചിട്ടുള്ള ഇവയും പ്രശസ്തമാണ് . ധര്‍മ്മതത്വങ്ങളുടെയും നീതിസാരങ്ങളുടെയും കലവറയാണ് പഞ്ചതന്ത്രം .അഞ്ച്തന്ത്രങ്ങളെ അധികരിച്ചാണ് ഇവ തയ്യാറാക്കിയിട്ടുള്ളത് . 
മിത്രഭേദം 
മിത്രസംപ്രാപ്തി
കാകോലൂകിധം
ലബ്ധപ്രണാശം
അപരീക്ഷിതകാരകം 
                        പഞ്ചതന്ത്രം കഥകളുടെ ആനിമേഷന്‍ സി ഡി പ്രദര്‍ശനം തുടര്‍ന്ന് നടന്നു . കഥകള്‍ ആസ്വദിക്കുന്നതിനും വിശകലനം നടത്തുന്നതിനുമുള്ള അവസരമായിരുന്നു കഥോത്സവം ...... ഇതു മാസത്തില്‍ ഒരിക്കെലെങ്കിലും സ്കൂള്‍ തലത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ നടത്താന്‍ ശ്രമിക്കണമെന്ന് എസ് ആര്‍ ജിയില്‍ തീരുമാനമെടുത്തിട്ടുണ്ട് 

സംസ്കൃതോത്സവം

സംസ്കൃതദിനാഘോഷ പ്രവര്‍ത്തനങ്ങള്‍


അതിയന്നൂര്‍ യു പി സ്കൂളിലെ സംസ്കൃത ദിനാഘോഷപരിപാടികള്‍ വൈവിധ്യമാര്‍ന്ന പ്രവര്ത്തനങ്ങളോടെ നടന്നു പ്രത്യേക സംസ്കൃത അസംബ്ലിയോടെയാണ്  പ്രവര്ത്തനപരിപാടികള്‍ ആരംഭിച്ചത്‌ . ഉച്ചയ്ക്കുശേഷം പ്രത്യേക ബാലസഭ സംഘടിപ്പിച്ചു . കൂട്ടുകാരുടെ സംസ്കൃത പതിപ്പുകളുടെ പ്രകാശനം , സംസ്കൃതത്തിന്‍റെ ചരിത്രം അവതരണം , സംസ്കൃത ക്വിസ്‌ ,വിവിധകലാപരിപാടികള്‍ എന്നിവ നടന്നു . സംസ്കൃതം സംസാരഭാഷയാക്കി മാറ്റിയ കര്‍ണ്ണാടകയിലെ ഷിമോഗയ്ക്കടുത്തുള്ള മാട്ടൂര്‍ ഗ്രാമത്തിന്‍റെ ചരിത്രം പ്രസ്തുത ചടങ്ങില്‍ കൂട്ടുകാര്‍ അവതരിപ്പിച്ചു . വന്ദേമാതരം ഗാനാലാപനത്തോടെ ചടങ്ങുകള്‍ അവസാനിച്ചു . പ്രവര്‍ത്തനങ്ങള്‍ക്ക് സ്കൂള്‍ പാര്‍ലമെന്റിനെ പ്രതിനിധീകരിച്ച് ആര്‍ച്ച , ഗോകുല്‍ കൃഷ്ണ , എന്നിവര്‍ നേതൃത്വം നല്‍കി . 

Monday 19 August 2013

കുട്ടിപ്രതിഭകള്‍ 1

മികവിന്‍റെ പുസ്തകത്തിലേയ്ക്ക്‌ ആദ്യം വിശാല്‍ പി എസ് ........

              ഇതു മികവിന്‍റെ പുസ്തകം ........


അതിയന്നൂര്‍ ഗവണ്മെന്റ് യു പി സ്കൂളിലെ കുട്ടിപ്രതിഭകളെ പരിചയപ്പെടുത്തുന്നതിനും രേഖപ്പെടുത്തുന്നതിനുമുള്ള പുസ്തകം . നിരന്തരം വളരുന്ന ഈ പുസ്തകം ക്ലാസ്സുകളില്‍ അധ്യാപകര്‍ സൂക്ഷിക്കുന്ന നിരന്തര വിലയിരുത്തലിന്റെ ഭാഗമായി സൂക്ഷിക്കുന്ന എന്റെ കുട്ടികള്‍ എന്ന പുസ്തകത്തിന്റെ തുടര്‍ച്ചയാണ് .പ്രത്യേക കഴിവുകള്‍ പ്രകടിപ്പിക്കുന്നവരെയും പഠനത്തില്‍ താല്പര്യപൂര്‍വം മുന്നേറി ക്ലാസ്സ്‌മുറിയില്‍ മാസ്മരിക മികവുകള്‍ സൃഷ്ട്ടിക്കുന്നവരെയും ഈ പുസ്തകത്തിന്‍റെ ഭാഗമാക്കും ....നന്മയുടെ കുറിപ്പുകളെ ഇതിലുണ്ടാകൂ.......
രേഖപ്പെടുത്തല്‍ ആര്‍ക്കുമാകം ........ ഈ പുസ്തകം ആര്‍ക്കും എപ്പോഴും പരിശോധിക്കാം ....
                          ഈ പുസ്തകത്തില്‍ ആദ്യപേര് വിശാലിന്റെതാണ്......


വിശാല്‍ പി എസ് .... ഏഴാം തരത്തില്‍ പഠിക്കുന്നു . 
പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കൂട്ടുകാരനാണ് .അവനെക്കുറിച്ചുള്ള മികവിന്‍റെ രേഖപ്പെടുത്തല്‍ ഇങ്ങനെയാണ് .....


               വിശാലിന്‍റെ കൈയ്യില്‍ പുസ്തകങ്ങളോടൊപ്പം വേറെയും ചില സാമഗ്രികള്‍ ഉണ്ടാകും . പഴയ ബാറ്ററികള്‍ , വയറുകള്‍ ,ചെറിയ മോട്ടാറുകള്‍, എല്ലാം.... ഇവ ഉപയോഗിച്ച് വിവിധ പ്രവര്‍ത്തന രൂപങ്ങള്‍ ഉണ്ടാക്കുന്നതില്‍ മിടുക്കനാണ് അവന്‍ . ചുറ്റും കാണുന്ന ഏതു വസ്തുവും അവനു മാതൃകകള്‍ സൃഷ്ട്ടിക്കാന്‍ ആവശ്യമാണ്‌ .


        ലിഫ്റ്റും ഫാനും ചലിക്കുന്ന മറ്റു രൂപങ്ങളും അവന്‍റെ കരവിരുതില്‍ പിറക്കുന്നു . കേള്‍വിശക്തി കുറവുള്ളതുകാരണം ആശയഗ്രഹണത്തിന് അല്പം പിന്നോക്കമാണെങ്കിലും അതിന്റെ കുറവ് പരിഹരിക്കാന്‍ അവന്റേതായ മാര്‍ഗ്ഗങ്ങള്‍ അവന്‍ സ്വീകരിച്ചിട്ടുണ്ട് ...... എപ്പോഴും പ്രവര്‍ത്തനനിരതനായിരിക്കുന്ന വിശാലിന് തന്റെ കണ്ടെത്തലുകള്‍ മറ്റുള്ളവരുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നതിന് താല്പര്യമുണ്ട് ....

Thursday 15 August 2013

സ്വാതന്ത്ര്യദിനാഘോഷം 2013

സ്വാതന്ത്ര്യസ്മരണ പുതുക്കി സ്വാതന്ത്ര്യസ്മൃതി സംഗമം 

ഓരോ ദിനാഘോഷവും കൂട്ടുകാര്‍ക്ക് പഠനാനുഭവമാണ് .....തന്റെ വിദ്യാലയത്തില്‍ നിന്ന് ലഭിക്കുന്ന മധുരമുള്ള ഇത്തരം അനുഭവങ്ങള്‍ അവന്റെ മനസ്സില്‍ പച്ച പിടിച്ചു നില്‍ക്കും ....
അതിയന്നൂര്‍ യു പി സ്കൂളിലെ ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ അത്യധികം സന്തോഷകരമായ അന്തരീക്ഷത്തിലാണ് കൂട്ടുകാര്‍ ആഘോഷിച്ചത് ....
കൂട്ടുകാരുടെ കൂട്ടായ്മയായ സ്കൂള്‍ പാര്‍ലമെന്‍റ് യോഗത്തിലാണ് ആഘോഷപരിപാടികള്‍ തീരുമാനിക്കപ്പെട്ടത് . ജനായത്തസംവിധാനത്തിന്‍റെ ബാലപാഠങ്ങള്‍ സ്വായത്തമാക്കുന്നതിന് കഴിയുന്ന തരത്തിലാണ് ഈ കൂട്ടായ്മയിലെ പ്രവര്‍ത്തനങ്ങള്‍.........
അവര്‍ ചര്‍ച്ച ചെയ്തു തീരുമാനിച്ച കാര്യങ്ങള്‍ താഴെ പറയുന്നവയാണ് .....

  • സ്വാതന്ത്ര്യദിനാഘോഷ പരിപാടികളില്‍ എല്ലാ ക്ലാസിലെയും കൂട്ടുകാരുടെയും പങ്കാളിത്തം ഉറപ്പാക്കണം 
  • സ്വാതന്ത്ര്യദിനത്തിന്റെ പ്രാധാന്യം തിരിച്ചറിയാന്‍ പര്യാപ്തമായ പ്രവര്‍ത്തനങ്ങള്‍ ഉറപ്പു വരുത്തണം 
  • കൂട്ടുകാരുടെ നേതൃത്വത്തില്‍ ആയിരിക്കണം പ്രവര്ത്തനപരിപാടികള്‍ സംഘടിപ്പിക്കേണ്ടത് 
  • വിശിഷ്ട വ്യക്തികളെ പങ്കെടുപ്പിക്കണം 
  • രക്ഷിതാക്കളെ പരമാവധി പങ്കെടുപ്പിക്കണം 
  • അലങ്കാരങ്ങള്‍ , ബാലസഭ എന്നിവയുടെ ചുമതലകള്‍ തീരുമാനിക്കണം 


ഓരോ ചുമതലയും ബന്ധപ്പെട്ട ക്ലബ്ബുകള്‍ ,ക്ലാസ്സുകള്‍ എന്നിവയ്ക്ക് നല്‍കി . കാര്യപരിപാടികള്‍ തയാറാക്കി ക്ഷണിക്കേണ്ടവരെ കണ്ടെത്തി .നോട്ടീസ് , പോസ്റ്റര്‍ ,അലങ്കാരങ്ങള്‍ ( ചിത്രങ്ങള്‍ക്ക് നിറം നല്‍കി ....) എന്നിവ തയ്യാറാക്കി 
ഓരോ പരിപാടിയും ഒന്നിനൊന്നു മെച്ചപ്പെട്ടതായിരുന്നു ..... 
വിവിധ ദൃശ്യങ്ങളിലേക്ക് .......


പി റ്റി എ പ്രസിഡണ്ട്‌ പതാക ഉയര്‍ത്തി . പതാക വന്ദനം നടന്നു 


മഹാന്മാരെ പരിചയപ്പെടുത്തല്‍ നടന്നു


ദേശഭക്തിഗാനാലാപനം നടന്നു 


വിശിഷ്ട്ടവ്യക്തി ശ്രീ നീലാംബരന്‍ സാര്‍ സ്വാതന്ത്യദിന സന്ദേശം നല്‍കി 







സ്വാതന്ത്ര്യത്തിന്റെ നാള്‍വഴികള്‍ കൂട്ടുകാരെ പരിചയപ്പെടുത്തി 
ഓരോ പ്രവര്‍ത്തനത്തിലും കൂട്ടുകാരുടെ പങ്കാളിത്തം പൂര്‍ണമായിരുന്നു . ആവേശപൂര്‍വം രക്ഷിതാക്കളും കൂട്ടുകാരും പ്രസ്തുത പരിപാടികളില്‍ പങ്കെടുത്തു . ഏറ്റവും അവസാനത്തെ ഇനം പ്രശ്നോത്തരി ആയിരുന്നു . നടന്ന പരിപാടികളില്‍ നിന്നുമുള്ള ചില ചോദ്യങ്ങള്‍ വിശിഷ്ടഅതിഥികള്‍ തന്നെ തല്‍സമയം തയ്യാറാക്കി ചിത്രങ്ങളുടെയും മറ്റും സഹായത്തോടെ കൂട്ടുകാരോട് ചോദിച്ചു . വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു . പാല്‍പ്പായസവും മധുര പലഹാരങ്ങളും കൂട്ടുകാര്‍ക്ക് നല്‍കി ..... 
            കരിക്കുലത്തിന്റെ ആണിക്കല്ലായ സാമൂഹ്യ ജ്ഞാനനിര്‍മ്മിതി വാദത്തിന്റെ പൊരുളറിഞ്ഞു പ്രവര്‍ത്തനങ്ങള്‍ തയ്യാറാക്കുന്നതില്‍ അധ്യാപകര്‍ മുന്നേറിയതിന്റെ കാഴ്ചയാണ് ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങളെ മികവുറ്റതാക്കിയത് ............

Saturday 3 August 2013

വിദ്യാലയത്തെ സ്നേഹിക്കുന്നവരുടെ അനുഭവസാക്ഷ്യം

പൊതുവിദ്യാലയത്തെ സംരക്ഷിക്കുന്ന വിദ്യാഭ്യാസപ്രവര്‍ത്തകനായി ശ്രീ വി നീലാംബരന്‍ സാര്‍ ......


" അപ്പൂപ്പാ സുഖമാണോ ....?ഇനി എന്ന് വരും ഞങ്ങളെ കാണാന്‍.....? " കല്യാണ വീടുകളിലും പൊതുപരിപാടികളിലും വച്ച് ശ്രീ നീലാംബരന്‍ സാറിനെ കാണുമ്പോള്‍ അതിയന്നൂര്‍ സ്കൂളിലെ കൊച്ചു കൂട്ടുകാരുടെ നിഷ്കളങ്കമായ അന്വേഷണമാണിത് . തന്‍റെ എഴുപതാംവയസ്സിന്‍റെ നിറവിലും ഒരു ജനായത്ത വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളുടെ മനസ്സില്‍ ഇടം നേടാന്‍ കഴിഞ്ഞ വിശിഷ്ട വ്യക്തിത്വമാണ് ശ്രീ വി നീലാംബരന്‍ സാര്‍ ....
ഒരു വിദ്യാലയത്തെ ഇത്രയധികം സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന മറ്റൊരാളെ ചിലപ്പോള്‍ ലോകത്ത്‌ ഒരിടത്തും കാണാന്‍ കഴിഞ്ഞെന്നു വരില്ല .തന്‍റെ ഊണിലും ഉറക്കത്തിലും ചിന്തകളിലും ഇപ്പോഴും സാര്‍ അതിയന്നൂര്‍ സ്കൂളിനെ കുറിച്ച് ഓര്‍ക്കുന്നു .സ്കൂളിലെ ഏതു ചടങ്ങിനും തന്‍റെ സാന്നിധ്യം ഉണ്ടാകണമെന്ന് അദ്ദേഹത്തിനു അതിയായ ആഗ്രഹമുണ്ട് . കൊച്ചു മക്കളോട് സംവദിക്കാന്‍ അവര്‍ക്ക് പറ്റുന്ന വിഷയങ്ങള്‍ വായിച്ചു നോട്ടുകള്‍ തയ്യാറാക്കി അദ്ദേഹം സ്കൂളിലെത്തും . ആ നിഷ്ഠ ഇന്നത്തെ അധ്യാപക സമൂഹം പോലും മാതൃകയാക്കണം .
           1987-88 കാലത്ത്‌ നാല് വര്ഷം നമ്മുടെ വിദ്യാലയത്തിലെ പി റ്റി എ പ്രസിഡന്‍റായിരുന്നു ശ്രീ നീലാംബരന്‍ സാര്‍ . അദ്ദേഹത്തിന്‍റെ ഔദ്യോഗിക കര്‍മ്മരംഗം വിദ്യാലയമായിരുന്നില്ല . P W D യില്‍ ജൂനിയര്‍ സൂപ്രണ്ടായിട്ടായിരുന്നു അദ്ദേഹം സേവനം അനുഷ്ടിച്ചിരുന്നത് .സംസ്ഥാനതലത്തില്‍ പി റ്റി എ പ്രസിഡന്റുമാരുടെ കൂട്ടായ്മകള്‍ ശക്തിപ്പെടുത്തുന്നതിനും അതിന്‍റെ നേതൃസ്ഥാനത്ത് വളരെക്കാലം പ്രവര്‍ത്തിക്കുന്നതിനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട് .തന്‍റെ രണ്ടു കുട്ടികളെയും പൊതു വിദ്യാലയങ്ങളില്‍ ചേര്‍ത്ത് പഠിപ്പിച്ച് സമൂഹത്തിന് മാതൃകയായ അദ്ദേഹം 1964-67 കാലഘട്ടങ്ങളില്‍ ഈ പ്രദേശത്ത് വിശ്വഭാരതി എന്ന പേരില്‍ ഒരു ഗ്രന്ഥശാല ഉണ്ടാക്കുന്നതിന് മുന്നണി പോരാളിയായി പ്രവര്‍ത്തിച്ചിട്ടുണ്ട് . സമൂഹത്തിലെ മറ്റ് സാംസ്ക്കാരിക സംഘടനകളിലും അദ്ദേഹം സജീവമായിരുന്നു . ശ്രീനാരായണ സാംസ്ക്കാരികസമിതി , പെന്‍ഷനേഴ്സ് യൂണിയന്‍ , ഗ്രന്ഥശാലാ സംഘം പ്രവര്‍ത്തനങ്ങള്‍ , എസ എന്‍ ഡി പി യോഗം പ്രവര്‍ത്തനങ്ങള്‍ , കൗമുദി Reader's club എന്നീ സംഘടനകളില്‍ അദ്ദേഹം നിറസാന്നിധ്യമായിരുന്നു .
                ചികിത്സാപ്പിഴവിന്റെ കാരണം കൊണ്ട് ഒരു കാല്‍ നഷ്ടപ്പെട്ട അദ്ദേഹത്തിന്‍റെ മനോവീര്യം തകര്‍ക്കാന്‍ ഇടയ്ക്കിടയ്ക്ക് വന്നുപോകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പോലും കഴിയില്ല .... എപ്പോള്‍ ആവശ്യപ്പെട്ടാലും സ്വന്തം പൈസ മുടക്കി വാഹനം വാടകയ്ക്കെടുത്ത് തന്‍റെ വാക്കറുമായി അതിയന്നൂര്‍ സ്കൂളില്‍ നിരന്തരമെത്തുന്ന നീലാംബരന്‍ സാര്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കൂട്ടുകാര്‍ക്കും ഒരു പ്രചോദനമാണ് . 
                    ഇതിനു കൂട്ടായി അദ്ദേഹത്തിന്‍റെ കുടുംബവും അദ്ദേഹത്തോടൊപ്പമുണ്ട് . പത്നിയും വീട്ടമ്മയുമായശ്രീമതി ബി ബിന്ദു മക്കളും സ്കൂളിലെ പൂര്‍വവിദ്യാര്‍ഥികളുമായ ശ്രീ എന്‍ ബി വിനോദ് (ബാങ്ക് ഓഫീസര്‍ ), ശ്രീമതി എന്‍ ബി വീണ (ലക്ചറര്‍ ) എന്നിവര്‍ അദ്ദേഹത്തിന്‍റെ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളില്‍സന്തോഷപൂര്‍വ്വം സഹകരിക്കുന്നു 



                      തന്‍റെ വൈകല്യത്തെ അതിജീവിച്ച് കൂട്ടുകാരോടൊപ്പം സമയം ചിലവഴിക്കാനും ഒരു വിദ്യാലയത്തിന്റെ നന്മയിലും മികവിലും പങ്കുചേരാനും ശ്രീ നീലാംബരന്‍ സാര്‍ കാണിക്കുന്ന അര്‍പ്പണമനോഭാവവും ത്യാഗവും ഇന്നത്തെ തലമുറയ്ക്ക് മാതൃകയാകും തീര്‍ച്ച .......
അതിയന്നൂര്‍ സ്കൂളിന്റെ എസ് എസ് ജി  ചെയര്‍മാനായി പ്രവര്‍ത്തിക്കുന്ന അദ്ദേഹത്തിന്‍റെ സാന്നിധ്യം പോലും ഈ വിദ്യാലയത്തിനു അനുഗ്രഹമാണ് ........