Saturday, 3 August 2013

വിദ്യാലയത്തെ സ്നേഹിക്കുന്നവരുടെ അനുഭവസാക്ഷ്യം

പൊതുവിദ്യാലയത്തെ സംരക്ഷിക്കുന്ന വിദ്യാഭ്യാസപ്രവര്‍ത്തകനായി ശ്രീ വി നീലാംബരന്‍ സാര്‍ ......


" അപ്പൂപ്പാ സുഖമാണോ ....?ഇനി എന്ന് വരും ഞങ്ങളെ കാണാന്‍.....? " കല്യാണ വീടുകളിലും പൊതുപരിപാടികളിലും വച്ച് ശ്രീ നീലാംബരന്‍ സാറിനെ കാണുമ്പോള്‍ അതിയന്നൂര്‍ സ്കൂളിലെ കൊച്ചു കൂട്ടുകാരുടെ നിഷ്കളങ്കമായ അന്വേഷണമാണിത് . തന്‍റെ എഴുപതാംവയസ്സിന്‍റെ നിറവിലും ഒരു ജനായത്ത വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളുടെ മനസ്സില്‍ ഇടം നേടാന്‍ കഴിഞ്ഞ വിശിഷ്ട വ്യക്തിത്വമാണ് ശ്രീ വി നീലാംബരന്‍ സാര്‍ ....
ഒരു വിദ്യാലയത്തെ ഇത്രയധികം സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന മറ്റൊരാളെ ചിലപ്പോള്‍ ലോകത്ത്‌ ഒരിടത്തും കാണാന്‍ കഴിഞ്ഞെന്നു വരില്ല .തന്‍റെ ഊണിലും ഉറക്കത്തിലും ചിന്തകളിലും ഇപ്പോഴും സാര്‍ അതിയന്നൂര്‍ സ്കൂളിനെ കുറിച്ച് ഓര്‍ക്കുന്നു .സ്കൂളിലെ ഏതു ചടങ്ങിനും തന്‍റെ സാന്നിധ്യം ഉണ്ടാകണമെന്ന് അദ്ദേഹത്തിനു അതിയായ ആഗ്രഹമുണ്ട് . കൊച്ചു മക്കളോട് സംവദിക്കാന്‍ അവര്‍ക്ക് പറ്റുന്ന വിഷയങ്ങള്‍ വായിച്ചു നോട്ടുകള്‍ തയ്യാറാക്കി അദ്ദേഹം സ്കൂളിലെത്തും . ആ നിഷ്ഠ ഇന്നത്തെ അധ്യാപക സമൂഹം പോലും മാതൃകയാക്കണം .
           1987-88 കാലത്ത്‌ നാല് വര്ഷം നമ്മുടെ വിദ്യാലയത്തിലെ പി റ്റി എ പ്രസിഡന്‍റായിരുന്നു ശ്രീ നീലാംബരന്‍ സാര്‍ . അദ്ദേഹത്തിന്‍റെ ഔദ്യോഗിക കര്‍മ്മരംഗം വിദ്യാലയമായിരുന്നില്ല . P W D യില്‍ ജൂനിയര്‍ സൂപ്രണ്ടായിട്ടായിരുന്നു അദ്ദേഹം സേവനം അനുഷ്ടിച്ചിരുന്നത് .സംസ്ഥാനതലത്തില്‍ പി റ്റി എ പ്രസിഡന്റുമാരുടെ കൂട്ടായ്മകള്‍ ശക്തിപ്പെടുത്തുന്നതിനും അതിന്‍റെ നേതൃസ്ഥാനത്ത് വളരെക്കാലം പ്രവര്‍ത്തിക്കുന്നതിനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട് .തന്‍റെ രണ്ടു കുട്ടികളെയും പൊതു വിദ്യാലയങ്ങളില്‍ ചേര്‍ത്ത് പഠിപ്പിച്ച് സമൂഹത്തിന് മാതൃകയായ അദ്ദേഹം 1964-67 കാലഘട്ടങ്ങളില്‍ ഈ പ്രദേശത്ത് വിശ്വഭാരതി എന്ന പേരില്‍ ഒരു ഗ്രന്ഥശാല ഉണ്ടാക്കുന്നതിന് മുന്നണി പോരാളിയായി പ്രവര്‍ത്തിച്ചിട്ടുണ്ട് . സമൂഹത്തിലെ മറ്റ് സാംസ്ക്കാരിക സംഘടനകളിലും അദ്ദേഹം സജീവമായിരുന്നു . ശ്രീനാരായണ സാംസ്ക്കാരികസമിതി , പെന്‍ഷനേഴ്സ് യൂണിയന്‍ , ഗ്രന്ഥശാലാ സംഘം പ്രവര്‍ത്തനങ്ങള്‍ , എസ എന്‍ ഡി പി യോഗം പ്രവര്‍ത്തനങ്ങള്‍ , കൗമുദി Reader's club എന്നീ സംഘടനകളില്‍ അദ്ദേഹം നിറസാന്നിധ്യമായിരുന്നു .
                ചികിത്സാപ്പിഴവിന്റെ കാരണം കൊണ്ട് ഒരു കാല്‍ നഷ്ടപ്പെട്ട അദ്ദേഹത്തിന്‍റെ മനോവീര്യം തകര്‍ക്കാന്‍ ഇടയ്ക്കിടയ്ക്ക് വന്നുപോകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പോലും കഴിയില്ല .... എപ്പോള്‍ ആവശ്യപ്പെട്ടാലും സ്വന്തം പൈസ മുടക്കി വാഹനം വാടകയ്ക്കെടുത്ത് തന്‍റെ വാക്കറുമായി അതിയന്നൂര്‍ സ്കൂളില്‍ നിരന്തരമെത്തുന്ന നീലാംബരന്‍ സാര്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കൂട്ടുകാര്‍ക്കും ഒരു പ്രചോദനമാണ് . 
                    ഇതിനു കൂട്ടായി അദ്ദേഹത്തിന്‍റെ കുടുംബവും അദ്ദേഹത്തോടൊപ്പമുണ്ട് . പത്നിയും വീട്ടമ്മയുമായശ്രീമതി ബി ബിന്ദു മക്കളും സ്കൂളിലെ പൂര്‍വവിദ്യാര്‍ഥികളുമായ ശ്രീ എന്‍ ബി വിനോദ് (ബാങ്ക് ഓഫീസര്‍ ), ശ്രീമതി എന്‍ ബി വീണ (ലക്ചറര്‍ ) എന്നിവര്‍ അദ്ദേഹത്തിന്‍റെ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളില്‍സന്തോഷപൂര്‍വ്വം സഹകരിക്കുന്നു 



                      തന്‍റെ വൈകല്യത്തെ അതിജീവിച്ച് കൂട്ടുകാരോടൊപ്പം സമയം ചിലവഴിക്കാനും ഒരു വിദ്യാലയത്തിന്റെ നന്മയിലും മികവിലും പങ്കുചേരാനും ശ്രീ നീലാംബരന്‍ സാര്‍ കാണിക്കുന്ന അര്‍പ്പണമനോഭാവവും ത്യാഗവും ഇന്നത്തെ തലമുറയ്ക്ക് മാതൃകയാകും തീര്‍ച്ച .......
അതിയന്നൂര്‍ സ്കൂളിന്റെ എസ് എസ് ജി  ചെയര്‍മാനായി പ്രവര്‍ത്തിക്കുന്ന അദ്ദേഹത്തിന്‍റെ സാന്നിധ്യം പോലും ഈ വിദ്യാലയത്തിനു അനുഗ്രഹമാണ് ........

No comments:

Post a Comment